---
title: "കോഴിക്കോട് ഗുരുവായൂർ റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; റോഡ് മുറിച്ചുകടന്ന രണ്ടുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക് "
english_title: "Two Tamil Nadu Natives Killed In Edappal Bus Accident, Road Safety Concerns Rise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378426/ malappuram-edappal-bus-accident-two-dead"
published_at: "2026-08-14T08:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e804f76d0d_malappuram-edappal-bus-accident-two-dead.jpg"
keywords: ["Private Bus Accident", "Bus Accident Death", "Malappuram"]
---

# കോഴിക്കോട് ഗുരുവായൂർ റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; റോഡ് മുറിച്ചുകടന്ന രണ്ടുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **എടപ്പാൾ ( മലപ്പുറം ) : **റോ‍ഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ മേൽപ്പാലം തുടങ്ങുന്നിടത്ത് വ്യാഴാഴ്ച രാവിലെ 8.30-ഓടെയായിരുന്നു അപകടം . തമിഴ്നാട് പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം മാരിയപ്പൻ , ഒപ്പമുണ്ടായിരുന്ന മുരുകേശൻ എന്നിവരാണ് മരിച്ചത്.

## Article Content

**എടപ്പാൾ ( മലപ്പുറം ) : **റോ‍ഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ മേൽപ്പാലം തുടങ്ങുന്നിടത്ത് വ്യാഴാഴ്ച രാവിലെ 8.30-ഓടെയായിരുന്നു അപകടം . തമിഴ്നാട് പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം മാരിയപ്പൻ , ഒപ്പമുണ്ടായിരുന്ന മുരുകേശൻ എന്നിവരാണ് മരിച്ചത്.

കോഴിക്കോട്ടുനിന്ന് ഗുരുവായൂരേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മേൽപ്പാലം ഇറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് വരുന്നതിനിടെയാണ് പാലത്തിന് മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിച്ചത്. തുടർന്ന് റോ‍ഡ് മുറിച്ചുകടക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളെ ഇടിച്ചുതെറിപ്പിച്ച് മാരിയപ്പന്റെ ശരീരത്തിലൂടെ കയറിയിറങ്ങി റോഡരികിലെ ബൈക്കിലും ഇടിച്ച് 50 മീറ്ററോളം ദൂരം പോയശേഷമാണ് ബസ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുരുകേശനെ വിദഗ്ദചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജിൽ (37), ബൈക്ക് യാത്രികൻ ദിനേശൻ (63) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ-കുറ്റിപ്പുറം റോഡുകളിൽ മേൽപ്പാലമാരംഭിക്കുന്നിടത്ത് അപകടങ്ങൾ പതിവാണ്.

മേൽപ്പാലത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും ടൗണിലേക്ക് പോകുന്നതും ടൗണിൽനിന്ന് ഹൈവേയിലേക്ക് കയറുന്നതുമായ നാലുവാഹനങ്ങൾ ഒരുമിച്ചെത്തുന്നതിനാൽ അപകടസാധ്യതയേറെയാണ്. നേരത്തേ കുറ്റിപ്പുറം റോഡിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനിടയിൽ സംസ്ഥാനപാതയിൽ കുറ്റിപ്പുറം, കുന്നംകുളം, എടപ്പാൾ എന്നിവിടങ്ങളിലായി ദിവസങ്ങൾക്കകം പൊലിഞ്ഞത് ആറുജീവനുകളാണ്. ബസുകളിലെ വേഗപ്പൂട്ട്, റോഡുകളിൽ അമിതവേഗത എന്നീ പരിശോധനയെല്ലാം ഏതാണ്ട് നിലച്ചമട്ടാണ്.

80 കിലോമീറ്ററാണ് നിലവിലെ ബസുകളുടെ വേഗപരിധി. വേഗപ്പൂട്ടുകളിൽ ഈ വേഗം ശരിയാക്കി വെച്ചിട്ടുണ്ടെങ്കിലും പുതിയ സംവിധാനമനുസരിച്ച് ഇത് കംപ്യൂട്ടറും സോഫ്റ്റ്‌വേറുമുപയോഗിച്ച് ബസുകാർക്ക് മാറ്റാനാകും. ഇത്തരം കൃത്രിമം ബസുകാർചെയ്തത് കണ്ടെത്താൻ മോട്ടോർവാഹന വകുപ്പിന് സംവിധാനമില്ല.

അതോടെ വേഗപ്പൂട്ടിലെ 80 കിലോമീറ്റർ മാറ്റി 100-120 വേഗത്തിലോടിയാലും കണ്ടെത്താനാവില്ല. നേരത്തേ സ്പീഡ് ഡിറ്റക്ടർ ഉപയോഗിച്ച് റോഡുകളിൽനിന്ന് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഹൈവെയിൽ വാഹനങ്ങൾ തടഞ്ഞുനിർത്താനും പാർക്ക് ചെയ്യിക്കാനുമെല്ലാം നിയന്ത്രണങ്ങൾ വന്നതോടെ ഈ പരിശോധനയും നിലച്ചു.

മാത്രമല്ല ഈ യന്ത്രങ്ങൾ വർഷാവർഷം പ്രവർത്തനക്ഷമത പരിശോധിച്ച് (caliberate)സർട്ടിഫിക്കറ്റ് വാങ്ങണം. ഇതും കൃത്യമായി നടക്കാത്തതിനാൽ പരിശോധനക്കിറങ്ങാനും ഉദ്യോഗസ്ഥർക്കാകുന്നില്ല. സംസ്ഥാനപാതയിലും മറ്റു പാതകളിലുമെല്ലാം മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച് ക്യാമറകളിൽ അമിതവേഗം പരിശോധിക്കാൻ സംവിധാനമില്ല.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, ഇരുചക്രവാഹനങ്ങളിലെ മൂന്നുപേർ ചേർന്നുള്ള യാത്ര തുടങ്ങിയവ മാത്രമാണ് ഇതിലൂടെ നിരീക്ഷിക്കുന്നത്. എടപ്പാളിൽ വ്യാഴാഴ്ച രാവിലെ ബസ്‌സ്റ്റോപ്പിൽ നിർത്താൻവരുന്ന ബസ്സിടിച്ചാണ് ഒരാൾ മരിച്ചത്. എടപ്പാളിലാണെങ്കിൽ തൃശ്ശൂർ, കുറ്റിപ്പുറം റോഡുകളിൽ ബസ് കാത്ത് ജനം നിൽക്കുന്നതുതന്നെ റോഡിലാണ്. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ ഈ ആൾക്കൂട്ടത്തിനിടയിലേക്കാണ് ബസുകൾ പാഞ്ഞ് വരുന്നത്.

എടപ്പാൾ തൃശ്ശൂർ റോഡിൽ ദാറുൽ ഹിദായ മുതൽ എടപ്പാൾ ടൗൺ വരെ നിരവധി സ്ഥലത്താണ് ജൽജീവൻ പദ്ധതിയുടെ പൈപ്പ് പൊട്ടിയിട്ടുള്ളത്. ഇതിൽ രണ്ടു മൂന്നിടത്ത് അഞ്ചാമത്തെയും ആറാമത്തെയും തവണയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വെട്ടിപ്പൊളിച്ച റോഡ് മാസങ്ങളോളം കോൺക്രീറ്റ് ചെയ്യാതെ കിടക്കുമ്പോൾ അവിടെ വാഹനങ്ങൾക്ക് പോകാൻ പറ്റാതാകും. ഇതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് വഴിവെക്കും.

എടപ്പാളിലും നടുവട്ടത്തുമെല്ലാമുള്ള ഗതാഗതക്കുരുക്കിന് ഇതും കാരണമാകുന്നു. വേഗംകൂട്ടിയാണ് സ്വകാര്യ ബസുകൾ ഈ സമയനഷ്ടമൊഴിവാക്കുന്നത്. ഓണക്കാലമാകുന്നതോടെ വാഹനങ്ങളുടെ നിര ഇനി സ്ഥിരം കാഴ്ചയാകും.

**English Summary:**

Two Tamil Nadu natives, Mariyappan, 53, and Murugesan, 60, died after being hit by a private limited-stop bus in Edappal, Malappuram on Thursday morning. The bus, en route from Kozhikode to Guruvayur, hit an auto, the pedestrians, and a bike before stopping. Two others were injured. Locals blame frequent accidents at the flyover junction and allege poor enforcement of speed governors and traffic checks. They also point to lack of bus shelters and ongoing road work worsening congestion ahead of Onam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378426/ malappuram-edappal-bus-accident-two-dead)